മുംബൈ : ഡൽഹി – മുംബൈ വിമാനത്തിൽ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 14 ന് സഹർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിൻ അറസ്റ്റിലായത്. ഡൽഹിയിൽനിന്ന് വിമാനത്തിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ അനുചിതമായി സ്പർശിച്ചെന്ന് പരാതിയിൽ പറയുന്നു.
കൂടാതെ ഇയാൾ നടിയെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇവർ കസ്റ്റമർ റിലേഷൻ സംഘത്തിന് പരാതി നൽകാൻ നിർദേശിച്ചു. തുടർന്ന് നടി വെർസോവ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ സംഭവം അവരുടെ അധികാരപരിധിയിൽ അല്ലാത്തതിനാൽ സഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അതേസമയം കാബിൻ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോൾ സഹയാത്രികന്‍റെ പേര് നൽകിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. രാജീവ് എന്നയാളുടെ പേരാണ് നൽകിയിരുന്നത്. പോലീസ് രാജീവിനെ തേടി എത്തിയപ്പോൾ ഇയാൾ നിരപരാധിത്വം വ്യക്തമാക്കി. പിന്നീട് ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ് പ്രതിയെന്ന് മനസ്സിലാക്കുകയായിരുന്നു. രാജീവ് അയച്ചുകൊടുത്ത ഫോട്ടോയിൽ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.