കോന്നി : ഐശ്വര്യ കേരള യാത്രക്കെതിരെയുള്ള പിണറായി വിജയന്റെ എതുനീക്കവും യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എന്‍.ഷൈലാജ്. അധികാരത്തിന്റെ അഹന്തയിലാണ് പിണറായി. അണയാന്‍ പോകുന്ന നാളം കൂടുതല്‍ പ്രകാശിക്കുക സ്വാഭാവികമാണ്. ഇടതുപക്ഷത്തിന്റെ ശവക്കുഴി തോണ്ടുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും യുവതികളെ ശബരിമല കയറാന്‍ പിണറായി വിജയന്‍ പറഞ്ഞു വിട്ടതൊന്നും വിശ്വാസികള്‍ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡനങ്ങൾ കോണ്‍ഗ്രസുകാര്‍ മാത്രം പാലിക്കേണ്ടതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എന്‍.ഷൈലാജ് ആവശ്യപ്പെട്ടു.
ദൈവവും ദേവനും തങ്ങള്‍ക്കില്ലെന്നുപറഞ്ഞു നടക്കുന്നവരുടെ വീട്ടുകാര്‍ അമ്പലത്തില്‍ നിന്നും പള്ളിയില്‍ നിന്നും മാറാറില്ല. പരിപാവനമായ ശബരിമലയിലെ പുണ്യഭൂമി യുദ്ധക്കളമാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായി വിജയനാണ്. ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനയും കണ്ണീരും അയ്യപ്പന്‍ കണ്ടിട്ടുണ്ട്. അതിന്റെ അനുഗ്രഹങ്ങള്‍ പിണറായി സര്‍ക്കാരിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ എല്ലാം പൂര്‍ത്തിയാകുമെന്നും എന്‍.ഷൈലാജ് പറഞ്ഞു.
കോന്നിയില്‍ മത്സരിക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും എന്‍.ഷൈലാജ് പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി സതീഷ് കൊച്ചുപറമ്പിലിന്റെ സഹോദരനാണ് ഷൈലാജ്.