പത്തനംതിട്ട : ഏറെ പ്രതീക്ഷയുമായാണ് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അനില്‍കുമാര്‍ തന്റെ വൈകല്യങ്ങളേയും അവശതകളേയും വകവയ്ക്കാതെ സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയത്. പ്രതീക്ഷ തെറ്റിയില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് അനില്‍കുമാറിന് സഹായഹസ്തമായി.
അംഗ പരിമിതനും കിടപ്പു രോഗിയുമായ അനില്‍കുമാര്‍(48) തന്റെ ചികിത്സയ്ക്കും ഭവന നവീകരണത്തിനു സഹായത്തിനുമായാണ് അപേക്ഷ നല്‍കിയിരുന്നത്. 80 വയസുള്ള അമ്മയാണ് അനില്‍കുമാറിനെ നോക്കുന്നത്. അനില്‍ കുമാറിന്റെ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. പരാതി നല്‍കുവാനായെത്തിയ അനില്‍കുമാറിന്റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ മന്ത്രി എ.സി. മൊയ്തീനും വീണാ ജോര്‍ജ് എം.എല്‍.എ യും അനില്‍കുമാറിന്റെ അടുക്കലേക്കെത്തി. പരാതി കേട്ട മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ അനുവദിച്ചു നല്‍കി. തുക അനുവദിച്ചു നല്‍കിയെന്ന വിവരം കേട്ട് സന്തോഷത്തോടെ മനസു നിറഞ്ഞാണ് അനില്‍കുമാറും അമ്മയും യാത്രയായത്.