കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പൂന്തോട്ടം സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ വൈകുന്നത് വിനോദ സഞ്ചാരികളെ നിരാശരാക്കുന്നു. എത്രയും വേഗം വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്ന പൂന്തോട്ടമാണ് അഞ്ച് വർഷത്തോളമായിട്ടും തുറന്ന് നൽകാത്തത്. വനംവകുപ്പിൻ്റെ കീഴിൽ അടവി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി 2017 മാർച്ചിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുന്തോട്ടത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.
അധികം ഉയരത്തിൽ വളരാത്ത കാഴ്ച്ച മുളകളും പലതരം പൂച്ചെടികളുമാണ് ഇവിടെ വെച്ച് പിടിപ്പിച്ചിട്ടുള്ളത്. എന്നാൽ പൂന്തോട്ടത്തിലെ ചെടികൾ പൂത്തുലഞ്ഞിട്ടും അധികൃതർ സന്ദർശകർക്കായി പൂന്തോട്ടം തുറന്ന് നൽകിയിട്ടില്ല. പൂന്തോട്ടത്തിനുള്ളിൽ ഉരുളൻ കല്ലുകൾ നിരത്തി പാത ഒരുക്കുകയും പൂന്തോട്ടത്തിന് ചുറ്റും വേലി ഒരുക്കുകയും ചെയ്തതല്ലാതെ കാര്യമായ പുരോഗതിയൊന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നില്ല. മുളകൊണ്ട് നിർമ്മിച്ച വേലികൾ പല തവണ കാലപ്പഴക്കം മുലം ദ്രവിക്കുകയും ഇവ പിന്നീട് പുതുക്കി പണിയും ചെലയ്തിട്ടും പൂന്തോട്ടം തുറക്കുന്നത് ഇനിയും വൈകുകയാണ്.
പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ച കാഴ്ച്ച മുളകൾ, പൂച്ചെടികൾ, മന്ദാരം തുടങ്ങിയ വൃക്ഷലതാതികൾ എല്ലാം മാനം മുട്ടെ വളർന്നിട്ടും പുന്തോട്ടത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. പൂന്തോട്ടത്തിനുള്ളിൽ ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ഉണ്ടെന്നും കൊവിഡ് മൂലമാണ് ഇത് സാധ്യമാകാത്തതെന്നുമാണ് വനംവകുപ്പ് അധികൃതർ പൂന്തോട്ടം തുറന്ന് നൽകാത്തതിൽ ഇപ്പോൾ നൽകുന്ന വിശദീകരണം.
എന്നാൽ കൊവിഡ് വ്യാപനത്തിന് മൂന്ന് വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഈ കാരണങ്ങൾ പറഞ്ഞ് പൂർത്തീകരിക്കാത്തതിൽ വിനോദ സഞ്ചാരികളിൽ പ്രതിഷേധവും ശക്തമാണ്. കുട്ടവഞ്ചി സവാരി സാധ്യമാകുന്നതിന് വർഷങ്ങൾക്ക് മുന്നേ തന്നെ കല്ലാറും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി വിവാഹ ആൽബങ്ങൾ ചിത്രീകരിച്ച് വരുന്നുണ്ട്. ഇത്തരത്തിൽ നിരവധി ആൽബങ്ങൾ ഇപ്പോഴും ചിത്രീകരിക്കുന്നുമുണ്ട്. അടവിയിലെ ഈ പൂന്തോട്ടം പൊതുജനങ്ങൾക്ക് തുറന്ന് നൽകിയാൽ ഇവിടെ കല്ല്യാണ ആൽബങ്ങളും മറ്റും ചിത്രീകരിച്ച് ഇതിലൂടെ വനംവകുപ്പിന് വരുമാനം നേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
മാത്രമല്ല കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്നവർക്ക് സമയം ചിലവഴിക്കാനും പൂന്തോട്ടം ഉപകരിക്കും. പൂന്തോട്ടത്തിന് ചുറ്റും സ്ഥിരമായി വേലി നിർമ്മിക്കുകയും സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കുകയും പണം ഈടാക്കി സന്ദർശകരെ പ്രവേശിപ്പികയും ചെയ്താൽ ഇത് വലിയ ഒരു മുതൽ കൂട്ടാവുകയും ചെയ്യും.