കമ്പല്ലൂർ: കഴിഞ്ഞ അധ്യയനവർഷം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിയമിച്ചപ്പോൾ നടത്തേണ്ട അധ്യാപക സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നു. സ്ഥലംമാറ്റം വൈകുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയേറ്റുന്നു. 2023-2024 വർഷത്തെ പ്രിൻസിപ്പൽ നിയമനം നടത്തിയത് 2024 ഫെബ്രുവരിയിലായിരുന്നു. പ്രിൻസിപ്പൽ ക്ലാസെടുക്കേണ്ടതിനാൽ (ടീച്ചിങ് ഹെഡ്) ഇവരെ നിയമിക്കുന്ന സ്കൂളുകളിലെ അതേ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെ സ്ഥലംമാറ്റണമെന്നാണ് നിയമം. പ്രിൻസിപ്പൽ നിയമനം നടത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധ്യാപകരുടെ സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നു.
നിലവിൽ 128 സ്കൂളുകളിൽ ഒരേ തസ്തികയിൽ രണ്ടുപേർ വീതമാണ് ജോലിചെയ്യുന്നത്. അതേസമയം ഇവരെ മാറ്റിനിയമിക്കേണ്ട സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകരെ ഉപയോഗിക്കേണ്ടിയും വരുന്നു. സ്ഥലംമാറ്റം വൈകുന്നതിനാൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും സർക്കാരിന് അധികമായി ചെലവാകുന്നത്. സ്ഥലംമാറ്റം നടത്തേണ്ടത് ഹയർ സെക്കൻഡറി അധികൃതരാണ്.