തിരുവനന്തപുരം: ആർഎസ്‌എസ് ഉന്നത നേതാവ് റാം മാധവുമായി എഡിജിപി എംആർ അജിത്കുമാർ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ഉറ്റബന്ധു ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിംഗ് മാനേജറായ ജിഗീഷ് നാരായണനാണ് ഈ ബന്ധുവെന്നാണ് വിവരം ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ജിഗീഷ്. ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎൽഎം ഗ്രൂപ്പ് ചെയർമാനുമായ ആർ പ്രേംകുമാർ, ആർഎസ്‌എസ് നേതാവ് എ ജയകുമാർ എന്നിവരുടെ പേരുകളാണ് കൂടിക്കാഴ്‌ചയിൽ ജിഗീഷ് നാരായണനൊപ്പം ഉണ്ടായിരുന്നതായി പറയുന്നത്.
ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്‌എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നാണ് ജിഗീഷ് പ്രതികരിച്ചത്. പ്രേംകുമാറിനെ നേരത്തെ കണ്ടിട്ടുണ്ട്. പ്രേംകുമാർ റാം മാധവിനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നീവീണ് ഒൻപത് മാസത്തിലേറെയായി ചികിത്സയിലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാറുപോലുമില്ല. കൂടിക്കാഴ്‌ചയ്ക്ക് പോയിട്ടില്ല. ആർഎസ്‌എസ് നേതാവിനെ കണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നൂറ് ശതമാനം ഉറപ്പാണ് അക്കാര്യത്തിൽ. അങ്ങനെയെങ്കിൽ ഹോട്ടലിലെ ദൃശ്യങ്ങൾ പരിശോധിക്കാം. ആർഎസ്‌എസ് നേതാവുമായി ഒരു ബന്ധവുമില്ല. വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുത്.
കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാം – ജിഗീഷ് പറഞ്ഞു. 2023 മേയ് 23ന് തൃശ്ശൂരിലെ ആർഎസ്‌എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിന് പിന്നാലെ ജൂൺ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ ഒപ്പം കൂട്ടിപോകേണ്ട യാതൊരു കാര്യവും എഡിജിപിക്കുണ്ടായിരുന്നില്ലെന്നും ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ആർ പ്രേംകുമാർ, ജിഗീഷ് നാരായണൻ, എ ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.