ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം ബുധനാഴ്ച ചേര്‍ന്നു. ലോകസഭയിലെ കക്ഷിനേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ തല്‍കാലം മാറ്റില്ല. അധീര്‍ ചൗധരി ഈ സമ്മേളനത്തിലും കക്ഷിനേതാവായി തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രവ്നീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് ചൗധരിയുടെ പകരക്കാരനായി പരിഗണിച്ചിരുന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിരോധിയായതുകാരണം അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ മടിക്കുകയാണ്. ഇതു ലോക്സഭയിലെ പ്രതിപക്ഷ ഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്.
സോണിയയും രാഹുലും പങ്കെടുത്ത യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി, സംഘടന ജനറര്ല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു.
പഞ്ചാബ് കോണ്‍ഗ്രസിലുയര്‍ന്ന പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഇതിനെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.