അടിമാലി: ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇരുമ്പുപാലത്ത് നടത്തി. ക്ഷീര വികസനവകുപ്പിന്റെയും ബ്ലോക്ക് ക്ഷീരകര്‍ഷക സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു 2022 – 2023 വര്‍ഷത്തെ അടിമാലി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്. ഇരുമ്പുപാലം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു ക്ഷീരകര്‍ഷക സംഗമം നടത്തിയത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ക്ഷീരകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കന്നുകാലി പ്രദര്‍ശനവും വടംവലി മത്സരവും നടത്തി. വടംവലി മത്സരത്തില്‍ കൊന്നത്തടി ആപ്‌കോസ് ഒന്നാം സ്ഥാനവും മച്ചിപ്ലാവ് ആപ്‌കോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് ക്ഷീരസംഘങ്ങളില്‍ നിന്നുള്ള പശുക്കളെ കന്നുകാലി പ്രദര്‍ശനത്തില്‍ അണിനിരത്തി.
കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം എം.എ. അന്‍സാരി തുടങ്ങിയവര്‍ സംബന്ധിച്ചു. കന്നുകാലി പ്രദര്‍ശന കറവ പശു വിഭാഗത്തില്‍ ബിനോയി ഒ.ജെ. ഓലപ്പുര ഒന്നാം സ്ഥാനവും കിടാരി വിഭാഗത്തില്‍ മാത്യു റ്റി.വി. തുടുമ്മേല്‍ ഒന്നാം സ്ഥാനവും നേടി. കന്നുകുട്ടി വിഭാഗത്തില്‍ സി. പി. ഹസന്‍ ചിറപ്പുലിയില്‍ ഒന്നാം സ്ഥാനം നേടി.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം. റ്റി. ജയന്‍, മില്‍മ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഗോപാലകൃഷ്ണന്‍, പോള്‍ മാത്യു, ക്ഷീര വികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി.ഇ. ഇരുമ്പുപാലം ആപ്‌കോസ് പ്രസിഡന്റ് കെ. പി. ബേബി, അടിമാലി ക്ഷീര വികസന ഓഫീസര്‍ രാകേന്ദു കെ.ആര്‍, ക്ഷീര വികസന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ക്ഷീര സംഘം ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കന്നുകാലി പ്രദര്‍ശനത്തിലും വടംവലി മത്സരത്തിലും വിജയികളായവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.