തൊടുപുഴ: അടിമാലി മരംമുറി കേസില്‍ ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണ്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത് കൊണ്ടാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്ന് ജോജി ജോണ്‍ പറഞ്ഞു.
അടിമാലി മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് റെയിഞ്ച് ഓഫീസര്‍ ആയിരിക്കെ 8 തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയതാണ് കേസ്. കടത്തിയ തടികള്‍ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ ജോജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്.