ആദിപുരുഷ് ടീമിനെ ജീവനോടെ കത്തിക്കണമെന്ന് ബോളിവുഡ് നടൻ മുകേഷ് ഖന്ന. ഇന്ത്യയിലെ 100 കോടി ഹിന്ദുക്കൾ ചിത്രത്തിനെതിരെ പ്രതികരിക്കണം. അവർക്ക് മാപ്പ് നൽകരുതെന്നും മുകേഷ് ഖന്ന പറഞ്ഞു. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ വിമർശനം ശക്തമാണ്. “അവർക്ക് മാപ്പുനൽകരുത്. ഇന്നലെ, ആ മുഴുവൻ സംഘത്തെയും ജീവനോടെ നിർത്തി 50 ഡിഗ്രിയിൽ ചുട്ടുകരിക്കണമെന്ന് ഞാൻ എൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു. മനോജ് മുന്തഷിർ വലിയ എഴുത്തുകാരനാണെന്ന് അവർ പറയുന്നു. പക്ഷേ, അയാളുടെ ബാലിശമായ വിവരണങ്ങളിൽ ഞാൻ നിരാശനാണ്. രാജ്യം മുഴുവൻ വിമർശിക്കുമ്പോഴും അയാൾ തൻ്റെ എഴുത്തിനെ പ്രതിരോധിക്കുന്നു. അവർ ഹനുമാനെയും രാമനെയും ലെതർ ധരിപ്പിച്ചു. രാമനോ കൃഷ്ണനോ വിഷ്ണുവിനോ ഒന്നും മീശ ഉണ്ടായിരുന്നില്ല. “- മുകേഷ് ഖന്ന എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയ്ക്കെതിരെ വിമർശനം ശക്തമാണ്. മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷൻ വിഎഫ്എക്സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസൻസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുകയാണ്. തോർ സിനിമയിലെ പ്രധാന ലോകമായ അസ്ഗാർഡിൽ നിന്നാണ് ആദിപുരുഷ് രാവണൻ്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം. അസ്ഗാർഡ് സ്വർണനിറത്തിലാണെങ്കിൽ ലങ്ക കറുപ്പുനിറത്തിലാണ്. ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിൾ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയിൽ നിന്ന് പ്രചോദിതരായവരെപ്പോലെയുണ്ടെന്നും നെറ്റിസൻസ് ആരോപിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ.