കോഴിക്കോട് : അട്ടപ്പാടിയിലെ മൂലഗംഗൽ ഊരിൽ വൻതോതിൽ ഭൂമി കൈയേറുന്നുവെന്ന് ആദിവാസികളുടെ പരാതി. ലാൻഡ് റവന്യൂ കമീഷണർക്കാണ് ആദിവാസികൾ പരാതി അയച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് നീരുറവകളും അരുവികളും നികത്തിയുള്ള ഭൂമി കൈയേറ്റം ആദിവാസികൾ തടഞ്ഞു. ആദിവാസികൾ മാത്രം ജീവിക്കുന്ന മേഖലയാണിത്. നേരത്തെ മുഖ്യമന്ത്രിയുടെ നവകേരള സദസിലടക്കം മൂലഗംഗൽ ഊരിലെ ആദിവാസികൾ പരാതി നൽകിയിരുന്നു. തമിഴ് നാട്ടിലെയും സംസ്ഥാനത്തെ മറ്റ് ജില്ലകളിലുള്ളവരും വ്യാജ ആധാരമുണ്ടാക്കി നിരവധി തവണ ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ട്. നിലവിൽ ആരുടെ പേരിലാണ് ഭൂമിക്ക് നികുതി അടക്കുന്നതെന്ന് പോലും ആദിവാസികൾക്ക് അറിയില്ല.
ആദിവാസികളുടെ ഗോത്രാചാര-അനുഷ്ഠാനങ്ങൾ നടത്തുന്ന സ്ഥലവും കുടിവെള്ള ശ്രോതസും അടക്കം കൈയേറിയെന്ന് പരാതിയിൽ പറയുന്നു. മണ്ണുമാന്തിയും ക്രെയിനുകളും അടക്കമുള്ള യന്ത്രങ്ങൾ കൊണ്ടുവന്നാണ് കുന്നുകൾ ഇടിച്ചു നിരത്തി ഭൂമി നിരപ്പാക്കുന്നത്. പഞ്ചായത്ത് റോഡ് ഇവിടെ പൊളിഞ്ഞു കിടക്കുകയാണ്. ആദിവാസി ഊരിന് നടുവിലൂടെയാണ് മണ്ണുമാന്തി യന്ത്രങ്ങൾ കടന്നു പോകുന്നത്. ഊരിന് സമീപമുള്ള കുടിവെള്ള നീരുറവുകൾ ആകെ മണ്ണിട്ട് നികത്തുകയാണ്. പുഴയുടെ ഉത്ഭവ സ്ഥാനം തന്നെ തകർക്കുന്ന പ്രവർത്തികളാണ് നടത്തിയത്. തോടുകളും നീരുറവുകളും ശ്മശാനത്തിലേക്ക് പോകുന്ന റോഡും പുരാതന ക്ഷേത്രവും ക്ഷേത്രഭൂമിയും മലകളും പ്രകൃതിയും സംരക്ഷിക്കാൻ ലാൻഡ് കമീഷണർ ഇടപെടണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.