വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള “സുന്ദര കൗമാരം സുരക്ഷിത കൗമാരം” ആരോഗ്യ പരിശോധന ക്യാമ്പ് മണ്ണടിശാല ഗവൺമെന്റ് ഹയർ സെക്കൻറ്ററി സ്കൂളിൽ നടത്തി. പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ 13 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശോധന. ഗവൺമെന്റെ ഹൈസ്കൂൾ മണ്ണടിശാല, സെന്റ് തോമസ് ഹൈസ്കൂൾ വെച്ചൂച്ചിറ, എം റ്റി വി എച്ച് എസ് കുന്നം, എസ് എൻ ഡി പി സ്കൂൾ വെൺകുറിഞ്ഞി, ലിറ്റിൽ ഫ്ളവർ സ്കൂൾ കൊല്ലമുള എന്നിവടങ്ങളിലും മറ്റ് കുട്ടികൾക്കായി സി എച്ച് സി വെച്ചൂച്ചിറ,കുടുംബ ക്ഷേമ ഉപ കേന്ദ്രം ചാത്തൻതറ എന്നിവടങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കും.
കുട്ടികളിലെ വിളർച്ച, ഹീമോഗ്ലോബിൻ,ഡയബറ്റിക്, രക്ത സമ്മർദ്ദം, പൊക്കത്തിന് ആനുപാതികമായി ഭാരം എന്നിവയാണ് പരിശോധിക്കുന്നത്. എല്ലാവർക്കും ആരോഗ്യ സൂചിക കാർഡ് നൽകും. കൂടുതൽ പരിശോധനയും ശ്രദ്ധയും വേണ്ടുന്ന കുട്ടികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ തുടർ പരിപാലനം നടത്തും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ സതീഷ് പണിക്കർ മലേറിയ നിവാരണ പ്രശ്നോത്തരിയിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ആരോഗ്യ സൂചിക കാർഡും വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമ്മാൻ രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ രാജൻ, പ്രസന്നകുമാരി, എം. എച്ച് നഹാസ്, ഷാജി കൈപ്പുഴ, ഡോ. ഹാംലെറ്റ്, രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി തോമസ്, ആർ വരദരാജൻ, പ്രിൻസിപ്പൾ എസ്.ജി ഷിജു,ഹെഡ്മാസ്റ്റർ സുലത, ഹെൽത്ത് ഇൻസ്പക്ടർ ജൂബി തോമസ് എന്നിവർ പ്രസംഗിച്ചു.