അടൂര്‍ : മുൻ കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപന്‍ അടൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതാപനെ സ്ഥാനാര്‍ഥിയാക്കരുതെന്നും അര്‍ഹരായവരെ പരിഗണിക്കണമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പന്തളം പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായിട്ടാണ് പന്തളം പ്രതാപന്‍ ബി.ജെ.പിയിലേക്കെത്തുന്നത്. അടൂരിലെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചാണ് മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന പ്രതാപന്‍ ബി.ജെ.പിയിലെത്തിയതെന്ന് പരസ്യമായതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നത്.
അടൂര്‍ ലക്ഷ്യമിട്ട് ബി.ജെ.പിയിലെത്തിയ പ്രതാപനെ സ്ഥാനാര്‍ഥിയാക്കരുതെന്നും അര്‍ഹരായവരെ പരിഗണിക്കണമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബി.ജെ.പി നേതൃത്വം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. അതേസമയം അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും അര്‍ഹമായ രീതിയില്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും പ്രതാപന്‍ പറഞ്ഞു.
പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് , സംസ്ഥാന നേതാവ് പി.എം വേലായുധന്‍, പി. സുധീര്‍ തുടങ്ങി ഒന്നിലേറെ പേര് അടൂര്‍ മണ്ഡലത്തിലെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ചില സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ പ്രതാപനെ പരിഗണിച്ചതാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ക്കും കാരണമായിരിക്കുന്നത്. അതേസമയം പ്രതിഷേധം ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതാക്കളെയും അറിയിക്കുമെങ്കിലും പരസ്യ പ്രതിഷേധങ്ങളിലേക്ക് പോവാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടില്ല.