അടൂര്‍: അടൂര്‍ സെന്‍ട്രല്‍ ജംങ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള ഓടയുടെ നിര്‍മാണം ഇഴയുന്നതായി പരാതി. സെന്‍ട്രല്‍ ജംങ്‌ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കുന്നതിന് ഇടത്ത് ഭാഗത്ത് ഓട നിര്‍മാണത്തിനായി വലിയകുഴി എടുത്തിട്ടിട്ട് നാളേറെയായി. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ പോകുമ്പോള്‍ എതിരെ വാഹനങ്ങള്‍ വരുന്നതോടെ മാറി നിൽക്കാന്‍ സൗകര്യമില്ലാത്തത് അപകട സാദ്ധ്യത കൂട്ടുന്നു.
റോഡില്‍ നിന്ന് മാറാന്‍ ശ്രമിച്ചാല്‍ വെള്ളം കിടക്കുന്ന ഓടയിലേയ്ക്കാകും വഴിയാത്രക്കാര്‍ വീഴുക. സമയബന്ധിതമായി പണികള്‍ നീങ്ങാത്തതാണ് പ്രധാന പ്രശ്‌നം. ഈ മേഖലയില്‍ പണിയെടുക്കുന്നവരിലധികവും അതിഥി തൊഴിലാളികളാണ്. കോവിഡ് മൂലമുള്ള ലോക്ക്‌ഡൗണ്‍ കാരണം ഇവര്‍ നാട്ടിലേക്ക് മടങ്ങിയതാണ് നിര്‍മാണം ഇഴയാന്‍ ഇടയാക്കിയത്. തിങ്കളാഴ്‌ച്ച ഓടയിലെ വെള്ളം പെയ്‌ത് കളഞ്ഞ ശേഷം കോണ്‍ക്രീറ്റ് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.