അടൂര്‍ : കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ ഏനാത്തും ഏഴംകുളത്തും അതിഥി തൊഴിലാളികളുടെ സ്ഥിതി വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നേരിട്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
ഏനാത്ത് മുസ്ലീം പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലും എഴംകുളത്ത് എംസണ്‍ ഓഡിറ്റോറിയത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലുമാണ് ഇവര്‍ താമസിക്കുന്നത്. ഏനാത്ത് 17 മുറികളിലായി നൂറു പേരും എംസണ്‍ ഓഡിറ്റോറിയത്തിനടുത്തുളള സ്ഥലത്ത് 20 മുറിയില്‍ 63 പേരുമാണു താമസം. ഏനാത്ത് നിലവിലുള്ള മുറികളില്‍ രണ്ടുപേര്‍ വീതവും ബാക്കിയുള്ളവരെ തൊട്ടടുത്തുള്ള സ്വകാര്യ സ്‌കൂളിലും താമസിപ്പിക്കുന്നതിനും ഏഴംകുളത്ത് നിലവില്‍ താമസിക്കുന്ന മുറികളില്‍ രണ്ടുപേര്‍ വീതവും ബാക്കിയുള്ളവരെ അവിടെ തന്നെയുള്ള യു.ഐ.എം കോളജ് ഹോസ്റ്റലിലും താമസിപ്പിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
കൂടാതെ പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, പഞ്ചായത്ത് എന്നിവയുടെ ഏകോപനവും ഒരുക്കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലത, വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. പി.മോഹനന്‍, സി.പി.ഐ ജില്ലാ അസി:സെക്രട്ടറി ഡി.സജി, ഡി.വൈ.എസ്.പി ജവഹര്‍ ജനാര്‍ദ്ദ്, സി.ഐ ജയകുമാര്‍, ഡെപ്പ്യൂട്ടി തഹസീല്‍ദാര്‍ സാം, സാമൂഹ്യപ്രവര്‍ത്തകന്‍ ജോര്‍ജ് മുരിക്കന്‍ എന്നിവര്‍ എംഎല്‍എയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.