അടൂര്‍ : കോവിഡ് വ്യാപനത്തെത്തുടന്ന് അടൂര്‍ നഗരസഭ പ്രദേശത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ മാതൃകയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതിനെതിരെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്കെതിരെ സി.പി.എം ന്റെ രഹസ്യ പ്രതിഷേധം. നിയന്ത്രണങ്ങള്‍ ജില്ലാ കളക്ടര്‍ ആണ് തീരുമാനിക്കേണ്ടതെന്നും എം.എല്‍.എക്ക് അതിനുള്ള അധികാരം ഇല്ലെന്നുമാണ് ഇവര്‍ വാദിക്കുന്നത്.
ഇന്നലെ വൈകുന്നേരം മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും മദ്യശാലകളും ഹോട്ടലുകളും അടക്കം ചില സ്ഥാപനങ്ങള്‍ ഇന്ന് തുറന്നിരുന്നു. ജില്ലാ കളക്ടര്‍ പറഞ്ഞാല്‍ മാത്രമേ അടക്കൂ എന്നാണ് ഒരു പ്രമുഖ ഹോട്ടല്‍ ജീവനക്കാരും പറഞ്ഞത്. സി.പി.ഐ – സി.പി.എം ശീതസമരത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു. കൂടാതെ അടൂര്‍ മണ്ഡലം സി.പി. എമ്മിന്റെയായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തിരുവഞ്ചൂരിനോട് തോറ്റപ്പോള്‍ സി.പി.എമ്മിന് ഈ മണ്ഡലം കൈവിട്ടുപോയി. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ ഇത് സംവരണ മണ്ഡലം ആയപ്പോള്‍ ഇടതുമുന്നണിയുടെ ഘടക കക്ഷിയായ സി.പി.ഐക്ക് സീറ്റ് നല്‍കി. മണ്ഡലം എല്‍.ഡി.എഫിന് തിരിച്ചുകിട്ടില്ലെന്നു കരുതിയെങ്കിലും ചിറ്റയം ഗോപകുമാര്‍ സി.പി.ഐയുടെ ടിക്കറ്റില്‍ വിജയിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കയ്യില്‍ നിന്നും അടൂര്‍ സീറ്റ് തിരിച്ചു പിടിക്കാള്‍ സി.പി.എം നീക്കമുണ്ടെന്ന് കരുതാം. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇപ്പോഴത്തെ നീക്കവും കാണേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് പഴകുളം മധുവും എം.എല്‍.എ യെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. മൈക്ക് അനൌണ്‍സ് മെന്റ് കേട്ടാണ് വിവരം അറിഞ്ഞതെന്നും പകുതിപ്പേരുപോലും ഇത് ചെവിക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് ഫെയ്സ് ബുക്കിലും പഴകുളം മധു പോസ്റ്റ് ചെയ്തു. എന്നാല്‍ ബഹുഭൂരിപക്ഷം പേരും നടപടിയെ അനുകൂലിക്കുകയാണ്. രോഗവ്യാപനം തടയുന്നതിന് ഇതാണ് മാര്‍ഗ്ഗമെന്നും യോഗത്തില്‍ പങ്കെടുത്ത അടൂര്‍ ആര്‍.ഡി.ഒ പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രതിനിധിയാണെന്നും തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും ചിലര്‍ പറയുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വ്യക്തത വരുത്തേണ്ടത് ജില്ലാ കളക്ടറാണ്. ജനങ്ങളുടെ തെറ്റിധാരന്നയും ആശയക്കുഴപ്പവും ജില്ലാ കളക്ടര്‍ മാറ്റണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
ഇന്നലെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗ തീരുമാനം അനുസരിച്ച് ജൂലൈ 18ന് രാത്രി മുതല്‍ അടൂര്‍ നഗരസഭ പ്രദേശത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ മാതൃകയില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അവശ്യ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരിക്കും. നഗരത്തിലേക്കു വരുന്ന പ്രധാന പാതകളായ കെപി റോഡ്, എംസി റോഡ്, ബൈപാസ് , ശാസ്താംകോട്ട -പത്തനംതിട്ട റോഡുകള്‍ തുറന്നിടും. അടൂര്‍ നഗരസഭയിലെ അതിര്‍ത്തി പ്രദേശങ്ങളിലും നെല്ലിമൂട്ടിപ്പടി, അടൂര്‍ ടൗണ്‍, പറക്കോട്, തട്ട റോഡ്, അടൂര്‍ ബിഎച്ച്എസ് ജംഗ്ഷന്‍, ആനന്ദപ്പള്ളി എന്നിവിടങ്ങളിലും പോലീസ് ചെക് പോസ്റ്റ് ഏര്‍പ്പെടുത്തും. ഇതു വഴി വരുന്ന ആളുകളുടെയും വാഹനങ്ങുടെയും വിവരങ്ങള്‍ മൊബൈല്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തും എന്നും തീരുമാനിച്ചിരുന്നു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും മുഴുവന്‍ ജനങ്ങളും സഹകരി ക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചിരുന്നു. യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രസാദ്, ഡോ. ഹാരീഷ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധി കളായ ജോര്‍ജ് ബേബി, അഖിലം അബുബേക്കര്‍, എസ്. ഷാജഹാന്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.