അടൂര്‍ : സമ്പര്‍ക്കം വഴി രോഗ വ്യാപനം വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടു നഗര സഭകളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലതല യോഗം തീരുമാനിച്ചു. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ ഉള്ളതും നഗരസഭകളില്‍ 250 കിടക്കകള്‍ ഉള്ളതുമായ കെട്ടിടങ്ങള്‍ ആണ് വേണ്ടത്. പഞ്ചായത്ത് /നഗരസഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ജൂലൈ 18ന് മുമ്പ് സ്ഥലം കണ്ടെത്തി അടൂര്‍ ആര്‍ഡിഒയെ അറിയിക്കണം.
ഓരോ കേന്ദ്രത്തിലും പ്രത്യേക കാബിന്‍ സൗകര്യത്തോടെ ഒരു ഓട്ടോയും ഒരുകാറും സജ്ജമാക്കി നിര്‍ത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍, മൂന്ന് നഴ്‌സിംഗ് സ്റ്റാഫ്, ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ജീവനക്കാര്‍ ഉണ്ടാകും. കുടുംബശ്രീ കഫേകള്‍ എല്ലായിടത്തും തുടങ്ങുന്നതിന് പഞ്ചായത്തുകള്‍ നടപടിയെടുക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണം. മറ്റുള്ള സ്ഥലങ്ങളിലും മുന്‍കരുതല്‍ എടുക്കണം. അതിനായി പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരണം. അതോടൊപ്പം എല്ലാ പഞ്ചായത്തിലും ജാഗ്രതാ സമിതി ചേര്‍ന്ന് എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയും സൂക്ഷ്മനിരീക്ഷണം നടത്തുകയും ചെയ്യുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
ജില്ലയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മേല്‍ നോട്ടത്തിനായി സര്‍ക്കാര്‍ പുതുതായി നിയമിച്ച എസ്. ചന്ദ്രശേഖര്‍, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, തഹസീല്‍ദാര്‍ ബീനാ എസ്. ഹനീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സഖറിയാ വര്‍ഗീസ്, കുഞ്ഞന്നാമ്മ കുഞ്ഞ്, ഷൈലാ റെജി, എ. ആര്‍. അജീഷ് കുമാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍മാരായ ആര്‍. ജയന്‍, പ്രസാദ്, കോവിഡ് കെയര്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ഡോ.സുഭഗന്‍, ഡോ. ഹരീഷ്, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപേഷ് എന്നിവരും എല്ലാ പഞ്ചായത്തിലെയും സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.