പത്തനംതിട്ട : സിപിഎം അടൂര്‍ ഏരിയാ സെക്രട്ടറിയുടെ ഭാര്യയെ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനക്കേക്ക് നിയമിക്കാനുള്ള നീക്കം വിവാദത്തില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായ ഇവരെ കോ-ഓര്‍ഡിനേറ്ററാക്കുന്നതിനെതിരേ ഒരു വിഭാഗം സിപിഎം സംസ്ഥാന കമ്മിറ്റിക്കും മന്ത്രി എം.വി ഗോവിന്ദനും പരാതി നല്‍കി.
അടൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിന്റെ ഭാര്യയെയാണ് യാതൊരു മുന്‍ പരിചയവുമില്ലാത്ത മേഖലയില്‍ നിയമിക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. കലഞ്ഞൂര്‍, ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്തുകളിലായി ലൈഫ് പദ്ധതിയില്‍ എട്ടു കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തു തന്നെ നടക്കുന്നുണ്ടെന്നും ഇത് മുന്‍കൂട്ടി കണ്ടാണ് യോഗ്യതയില്ലാത്തവരെ പ്രധാനപ്പെട്ട തസ്തികയില്‍ നിയമിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് സംസ്ഥാന നേതൃത്വത്തിന് പരാതി പോയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന കോ-ഓര്‍ഡിനേറ്റര്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കേണ്ടത്. സാധാരണ പഞ്ചായത്ത് വകുപ്പില്‍ നിന്നുള്ളവര്‍ക്കാണ് ലൈഫ് ഭവന പദ്ധതിയുടെ ചുമതല നല്‍കുക. നിലവില്‍ വിരമിച്ചയാളും പഞ്ചായത്ത് വകുപ്പില്‍ നിന്നായിരുന്നു. സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം കൂടി ഇത്തരക്കാര്‍ക്ക് വേണം.
അടൂര്‍ ഗവ. ഹൈസ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ് ഏരിയാ സെക്രട്ടറിയുടെ ഭാര്യ. സിപിഎം ജില്ലാ സെക്രട്ടറി മാത്രമാണ് ഈ നീക്കത്തിന് ഒത്താശ ചെയ്യുന്നത് എന്നാണ് ആരോപണം. അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം ഈ നിയമനത്തിന് എതിരാണ്. സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയതിനാല്‍ ഡെപ്യൂട്ടേഷന്‍ എളുപ്പം നടക്കുമെന്നാണ് കണക്കു കൂട്ടല്‍. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റ് സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭാര്യാ സഹോദരനെ ഹൈക്കോടതിയില്‍ പ്രോസിക്യൂട്ടര്‍ ആക്കാനുള്ള നീക്കത്തിലൂടെ ഏരിയാ സെക്രട്ടറി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശന വിധേയനായിരുന്നു. ആ വിവരവും ഇപ്പോള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ന് വിഷയം പരാതിയായി സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിക്കും ചെന്നു. പാര്‍ട്ടി സമ്മേളനത്തിലും ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മിഷനെ വെച്ചു. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു ഏരിയാ സെക്രട്ടറിയുടെ അളിയന്‍. അന്വേഷണം വന്നതോടെ ഇയാളെ കൊണ്ടുവന്ന് മണ്ണടി ബ്രാഞ്ച് കമ്മറ്റിയില്‍ തിരുകി കയറ്റി. ഇതും വിവാദമായതോടെ പാര്‍ട്ടി അംഗത്വം കൊല്ലം ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അവിടെയുള്ളവര്‍ ഒരു കാരണവശാലും പ്രോസിക്യൂട്ടര്‍ സ്ഥാനം നല്‍കുന്നതിന് സമ്മതിച്ചില്ല.
ലൈഫ് മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്ററായി ഏരിയാ സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗം പറയുന്നത്. ജില്ലാ സെക്രട്ടറി അനുകൂല നിലപാട് എടുത്തെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം പ്രബല വിഭാഗം എതിരാണ്.