പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ടയില്‍ പതിമൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്താണ് കൂടുതല്‍ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരേണ്ടതാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുകയുളളു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കു പോകുവാനോ അകത്തേക്ക് പ്രവേശിക്കുവാനോ അനുവദിക്കുന്നതല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങള്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.