പത്തനംതിട്ട : അടൂര്‍ വില്ലേജ് ഓഫീസറായിരുന്ന എസ്.കലയുടെ മരണവുമായി ബന്ധപ്പെട്ട് ഹോളിക്രോസ്സ് ആശുപത്രിയുടെ അനാസ്ഥയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ്. പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇത് സംബന്ധിച്ച പരാതി പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യര്‍ക്ക് നല്‍കി.
അടൂര്‍ ഹോളിക്രോസ്സ് ആശുപത്രിയില്‍ തൈറോയിഡ് ഓപ്പറേഷന്‍ നടത്തിയതിനെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപണമുന്നയിച്ചിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ അന്ന് രാത്രിയിലും പിറ്റേന്ന് പുലര്‍ച്ചെയുമായി രണ്ട് അറ്റാക്കുകള്‍ വന്നിട്ടും മതിയായ പരിചരണം നല്‍കുകയോ ബന്ധുക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് പരാതി. വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനവും ലഭിച്ചില്ല. രാവിലത്തെ ഹൃദയാഘാതം ഏറെ ഗുരുതരമായിരുന്നു. ഇത് അറിഞ്ഞിട്ടും വിദഗ്ദ ചികിത്സ നല്‍കുവാന്‍ വീഴ്ച വരുത്തി.
രണ്ടു മണിക്കൂറിലധികം നഷ്ടപ്പെടുത്തിയതിനു ശേഷമാണ് അടൂരില്‍ നിന്നുമുള്ള ആംബുലന്‍സില്‍ കൊല്ലത്തെ ആശുപത്രിയിലേക്ക് തിരിച്ചത്. കൊല്ലത്ത് എത്തിയപ്പോഴേക്കും കല മരിച്ചിരുന്നു. അടൂര്‍ ഹോളിക്രോസ്സ് ആശുപത്രിക്കെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. അടുത്തനാളില്‍ കണ്‍സ്യൂമര്‍ കോടതിയുടെ വിധിയും ഈ ആശുപത്രിക്കെതിരെ ഉണ്ടായിരുന്നു.