കുളനട : കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ ആറന്മുളയില്‍ കാര്‍ഷിക മേഖലയില്‍ ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്തിലെ കുപ്പണ്ണൂര്‍ പാടശേഖരത്തിലെ കുപ്പണ്ണൂര്‍ ചാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്ലാന്‍ തയ്യാറാക്കണം. ജലവിഭവത്തിന്മേല്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
2016ല്‍ 100 ടണ്ണില്‍ താഴെ ഉണ്ടായിരുന്ന നെല്ല് ഉദ്പാദനം 2020 പൂര്‍ത്തിയാകുമ്പോള്‍ 4000 ടണ്ണില്‍ അധികമായിക്കഴിഞ്ഞു. മണ്ഡലത്തിലെ തൊണ്ണൂറ് ശതമാനം പഞ്ചായത്തുകളും തരിശുരഹിതമായിക്കഴിഞ്ഞെന്നും ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജ് പറഞ്ഞു.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പണ്ണൂര്‍ ചാലിന്റെ പുനരുദ്ധാരണം നടത്തുന്നത്. നെല്‍കൃഷി പുന:സ്ഥാപിക്കുന്നതിനും മറ്റു വിളകള്‍ കൃഷി ചെയ്യുന്നതിനും ചാലിന്റെ ജലസംഭരണ ശേഷി വര്‍ധിപ്പിച്ച് മേഖലയിലെ വരള്‍ച്ചയ്ക്കു പരിഹാരം കാണുകയുമാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ കുപ്പണ്ണൂര്‍ ചാലില്‍ നിന്നും മണ്ണ് നീക്കം ചെയ്യല്‍, 510 മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ ഉയരത്തിലും ചാലിനു ചുറ്റും പുറം ബണ്ട് നിര്‍മ്മിക്കല്‍, 2.4 കി.മീ നീളത്തില്‍ തോടുകളുടെ നവീകരണം, 7 മീറ്റര്‍ വീതിയിലും 3 മീറ്റര്‍ ഉയരത്തിലും വി.സി.ബിയുടെ നിര്‍മ്മാണം, 4.5 മീറ്റര്‍ വീതിയിലും 3 മീറ്റര്‍ ഉയരത്തിലും കലുങ്കിന്റെ നിര്‍മ്മാണം, എം.സി റോഡില്‍ നിന്നും 150 മീറ്റര്‍ നീളത്തില്‍ ചാലിന്റെ പുറം ബണ്ടിലേക്ക് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടും.
കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.അജയകുമാര്‍, പന്തളം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, കുളനട ഗ്രാമവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ മധു, ഗ്രാമ പഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രന്‍, ജലസേചനം ഭരണം ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്, എക്‌സി.എഞ്ചിനീയര്‍ പി.എസ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.