അടൂര്‍ : ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടിയ ഗൃഹനാഥന് സൗജന്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തി അടൂർ ലൈഫ് ലൈൻ ആശുപത്രി. കുരമ്പാല കടമ്മങ്കോട് കിഴക്കേതിൽ കെ അനിൽ കുമാറിനെയാണ് അടൂർ ലൈഫ് ലൈൻ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്നു മാസം മുൻപ് രോഗലക്ഷണം കാണുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനിൽ കുമാർ ചികിത്സ തേടുകയും ചെയ്തു. മെഡിക്കൽ കോളേജിൽ സർജറി നടത്തുന്നതിന് കുറഞ്ഞത് രണ്ടു ലക്ഷത്തോളം രൂപ ചെലവാകുമെന്നു അറിയിച്ചപ്പോൾ വിഷമിച്ചു പോയി. ഏക വരുമാനമാർഗമായ ടാപ്പിങ് ജോലി ചെയ്യാനാകാതെ വരുമാനം നിലച്ചതോടെ തകർന്നു പോയ അവസ്ഥയായിരുന്നു. ഭാരിച്ച തുക കണ്ടെത്താനാകാതെ വന്നതോടെ അനിൽ കുമാർ മനോരമയെ സമീപിക്കുകയും വാർത്ത പ്രസിദ്ധീകരിക്കു കയുമുണ്ടായി. ഈ വാർത്ത ലൈഫ് ലൈൻ ആശുപത്രിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്റെ ശ്രദ്ധയിൽ പെട്ടതാണ് വഴിത്തിരിവായത്. അദ്ദേഹം അനില്‍ കുമാറിന് സൗജന്യമായി ലൈഫ് ലൈനിൽ ചികിത്സ നടത്തുന്നതിന് വേണ്ട ഏർപ്പാടുണ്ടാക്കി.
കാർഡിയോളജി വിഭാഗത്തിൽ അനില്‍ കുമാറിനെ അഡ്മിറ്റ് ചെയ്ത് ആൻജിയോഗ്രാം ചെയ്തു. മൾട്ടിപ്പിൾ ബ്ലോക്കുകൾ കണ്ടതിനെ തുടർന്ന് പിന്നീട് കാർഡിയോ തൊറാസിക് സർജറി വിഭാഗം തലവൻ ഡോ എസ് രാജഗോപാലിന്റെ നേതൃത്വത്തിൽ ഓപ്പൺ ഹാർട്ട് സർജറി നടന്നു. ഏഴു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യത്തോടെ അനിൽ കുമാർ വീട്ടിലേക്കു മടങ്ങി. കാർഡിയോളജി വിഭാഗം തലവൻ ഡോ.സാജൻ അഹമ്മദ് ഇസഡ്, ഡോ.കൃഷ്ണ മോഹൻ, ഡോ.വിനോദ് മണികണ്ഠൻ, ഡോ. ശ്യാo ശശിധരൻ, ഡോ.ചെറിയാൻ ജോർജ്, ഡോ.ചെറിയാൻ കോശി, കാർഡിയാക് അനെസ്തേറ്റിസ്റ് ഡോ.അജിത് സണ്ണി എന്നിവരും ഡോ.രാജഗോപാലിനോടൊപ്പം ചികിത്സക്ക് നേതൃത്വം നൽകി.