അടൂര്‍ : അടൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സമ്പര്‍ക്കം മൂലം രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജില്ലാ കളക്ടറോടു നിര്‍ദേശിച്ചു.
അടൂര്‍ നഗരസഭയിലെ അഞ്ച്, 20, 22, 27 വാര്‍ഡുകളും ഏറത്ത് പഞ്ചായത്തിലെ 11, 13, 15 വാര്‍ഡുകളും ഏഴംകുളം പഞ്ചായത്തിലെ 15-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളാക്കണം. ഏഴംകുളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഒരു കുട്ടി സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് ആവുകയും അവിടെ 15 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുകയും ചെയ്തു. ഏറത്ത് പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ ഒരു യുവാവിന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാതാവ് അടക്കം 100 തൊഴിലുറപ്പ് തൊഴിലാളികള്‍ സമ്പര്‍ക്കത്തിലായി. അവിടെ 11, 15 എന്നീ വാര്‍ഡുകളും ചേര്‍ന്നു കിടക്കുന്നതിനാല്‍ മൂന്നു വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണാക്കണം. എന്നാല്‍ പ്രഖ്യാപനം വരുന്നത് വരെ കാത്തു നില്‍ക്കാതെ വേണ്ട ക്രമീകരണങ്ങളും മുന്‍കരുതലും എടുക്കാന്‍ അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.