അടൂർ : അടൂർ നഗരസഭയിലെ നിരവധി കെട്ടിടങ്ങളുടെ നികുതി രണ്ടു സാമ്പത്തിക വർഷമായി പിരിച്ചെടുക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. ഇതുകാരണം നഗരസഭയ്ക്ക് വൻ തുകയാണ് നഷ്ടമാകുന്നത്. അനധികൃത നിർമ്മാണം കണ്ടെത്തിയെന്നു പറഞ്ഞ് നഗരത്തിലെ 900-ലധികം കെട്ടിട ഉടമകൾക്കാണ് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്. ഒരു കോടിക്കുമുകളിൽ രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.
വീടുകൾ, കടകൾ എന്നിവ ഉൾപ്പെടെയാണ് ഇത്. ഇക്കാരണത്താൽ രണ്ടു വർഷമായി കെട്ടിട ഉടമകൾക്ക് കരം ഒടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകാൻ കഴിയാതെ വന്നിരിക്കുകയാണ്. അനധികൃത കെട്ടിടം പൊളിച്ചുമാറ്റുകയോ ഇതിനുവേണ്ട പരിഹാരങ്ങൾ ചെയ്യുകയോ ചെയ്തിട്ടില്ല.അനധികൃത കെട്ടിടങ്ങളുടെ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതും പെട്ടെന്ന് പടര്‍ന്നു പിടിച്ച കോവിഡും കാരണമായെന്നാണ് നഗരസഭ അധികൃതർ പറയുന്നത്