അടൂര്‍ : കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡിലും ഏഴു ദിവസത്തേക്ക് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ മാതൃകയില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജൂലൈ 18ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് തീരുമാനം.
അവശ്യ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരിക്കും. നഗരത്തിലേക്കു വരുന്ന പ്രധാന പാതകളായ കെപി റോഡ്, എംസി റോഡ്, ബൈപാസ് , ശാസ്താംകോട്ട -പത്തനംതിട്ട റോഡുകള്‍ തുറന്നിടും. അടൂര്‍ നഗരസഭയിലെ അതിര്‍ത്തി പ്രദേശങ്ങളിലും നെല്ലിമൂട്ടിപ്പടി, അടൂര്‍ ടൗണ്‍, പറക്കോട്, തട്ട റോഡ്, അടൂര്‍ ബിഎച്ച്എസ് ജംഗ്ഷന്‍, ആനന്ദപ്പള്ളി എന്നിവിടങ്ങളിലും പോലീസ് ചെക് പോസ്റ്റ് ഏര്‍പ്പെടുത്തും. ഇതു വഴി വരുന്ന ആളുകളുടെയും വാഹനങ്ങടെയും വിവരങ്ങള്‍ മൊബൈല്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തും.
അടൂര്‍ നഗരസഭയിലെ വാര്‍ഡുകളായ അഞ്ച്, 20, 21, 22, 24, 26, 27 എന്നിവിടങ്ങളിലും ഏഴംകുളം പഞ്ചായത്തിലെ വാര്‍ഡ് ആറ്, 17, ഏറത്ത് പഞ്ചായത്തിലെ 11, 13, 15 എന്നിവിടങ്ങളിലും ജില്ലാ ഹോമിയോപ്പതി വകുപ്പ് പ്രതിരോധ മരുന്നുകള്‍ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ വിതരണം ചെയ്യും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു.
ആര്‍ഡിഒ എസ്. ഹരികുമാര്‍, തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രസാദ്, ഡോ. ഹാരീഷ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ ജോര്‍ജ് ബേബി, അഖിലം അബുബേക്കര്‍, എസ്. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.