അടൂർ : കേരള യൂണിവേഴ്സിറ്റി യൂണിയന്റെ എന്ന പേരിൽ അടൂർ പളളിക്കലിൽ വ്യാജ ഇലക്ഷൻ സർവ്വേ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം കൊല്ലായ്ക്കൽ 20-ാം വാർഡിലും ഇളംപള്ളിൽ മൂന്നാം വാർഡിലുമാണ് സർവ്വേ എന്ന പേരിൽ പരിസരവാസികളില്ലാത്ത ഒരു കൂട്ടം യുവാക്കൾ വീടുകയറി സർവ്വേ നടത്തിയത്.
കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്ന ലെറ്റർ ഹെഡിൽ ചോദ്യാവലിയുമായാണ് വീടുകയറിയത്. ഏതു പാർട്ടി വിജയിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, പഞ്ചായത്തു മെമ്പറുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഭരണത്തിൽ നിങ്ങൾ തൃപ്തരാണോ, എൽ.ഡി.എഫ് സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, തുടങ്ങിയ ചോദ്യങ്ങളും വാർഡിൽ ആരാകണം സ്ഥാനാർത്ഥി എന്ന ചോദ്യത്തിനൊപ്പം ആ വാർഡിൽ നിന്നു ഓരോ പാർട്ടിയിലും മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പേരും പ്രിൻ്റ് ചെയ്തു നൽകിയ ഫോം കണ്ടതോടെ വീട്ടുകാർക്ക് സംശയമായി.
വീട്ടുകാർ തങ്ങളുടെ സംശയങ്ങൾ ചോദിച്ചതോടെ സർവ്വേയ്ക്ക് എത്തിയ യുവാക്കൾ ഉടൻ തന്നെ സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ അടൂർ പോലീസിൽ അറിയിച്ചു. പോലീസ് ഈ വാർഡുകളിലെത്തി അന്വേഷണമാരംഭിച്ചു. സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ വഴി തെളിവുകൾ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് പോലീസ്. അതേസമയം സംഭവത്തെ തുടർന്ന് യു ഡി എഫും എൽ ഡി എഫും തമ്മിൽ രാഷ്ട്രീയ പോരും ആരംഭിച്ചിട്ടുണ്ട്.