പത്തനംതിട്ട : അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകിയ പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി മുൻ പറക്കോട് എ.സി ഡെവലപ്‌മെന്റ് ഓഫീസർ ജേക്കബ് ജോൺ, രണ്ടാംപ്രതി എസ്.സി പ്രമോട്ടറായ ജി.രാജേന്ദ്രൻ, മൂന്നാം പ്രതി അടൂർ നഗരസഭ കൗൺസിലർ എസ്.ഷാജഹാൻ എന്നിവരാണ് കുറ്റക്കാരാണെന്ന് എൻക്വയറി കമ്മീഷൻ ആൻഡ് സ്‌പെഷ്യൽ (വിജിലൻസ്) ജഡ്ജ് രാജകുമാര എം.വി കണ്ടെത്തിയത്. കേസിലെഒന്നും രണ്ടും പ്രതികൾക്ക് വിവിധ വകുപ്പുകളിലായി എട്ടുവർഷത്തെ കഠിനതടവും 50,000 രൂപ പിഴയും, മൂന്നാം പ്രതിക്ക് 11 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചു.
2010-11 കാലഘട്ടത്തിൽ അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ട 39 ഗുണഭോക്താക്കൾക്ക് ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ 3 സെന്റ് സ്ഥലം വാസയോഗ്യമല്ലെന്നും ഇതുവഴി സർക്കാരിന് 88,810രൂപ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് കണ്ടെത്തൽ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീഷ് ഹാജരായി. പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി പി.കെ ജഗദീഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ റാന്നി ഡിവൈ.എസ്.പി ആർ.ജയരാജാണ് അന്വേഷണം നടത്തി ഡിവൈ.എസ്.പി പി.ടി.രാധാകൃഷ്ണപിള്ളയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.