അടൂർ : ഉത്ര വധക്കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് യുവതിയെ സൂരജ് കൊലപ്പെടുത്തിയത്. പാമ്പ്പിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആദ്യം അഞ്ചല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സുരേഷ് മാപ്പ് സാക്ഷി ആയി.