പതിനാലാംമൈൽ : പതിവായി അടൂർ ഭാഗത്ത് മാലിന്യം തള്ളുന്ന സംഭവത്തെ തുടർന്ന് അടൂർ പോലീസ് ഒട്ടേറെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. രണ്ടുദിവസം മുൻപും രണ്ട് വാഹനങ്ങളാണ് അടൂർ പോലീസ് പിടികൂടിയത്. ഇതിൽ ഒരുവാഹനം മാലിന്യവുമായി എത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ കഴിഞ്ഞ നാലുമാസത്തിനിടെ 12 വാഹനങ്ങളാണ് അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അടൂർ പതിനാലാംമൈൽ-പുത്തൻചന്തയിലെ കനാലിൽ രണ്ടുദിവസമായി അടുപ്പിച്ച് കക്കൂസ് മാലിന്യം തള്ളുകയാണ്. ജനുവരി 30-നും അടുപ്പിച്ച് രണ്ടുതവണ ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ടാങ്കറുകളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്.
ഇതുകാരണം ഈ ഭാഗത്ത് പതിവായുണ്ടാകുന്ന ദുർഗന്ധം കാരണം വഴിയാത്രികർക്ക് സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. വടക്കടത്തുകാവ് പുന്തലപ്പടി, വെള്ളക്കുളങ്ങര, പഴകുളം പാസ്, മണക്കാല ജനശക്തി നഗർ, തെങ്ങമം കുളഞ്ഞിക്കാട് പാടം, മിത്രപുരം, നാൽപ്പതിനായിരം പടി, പതിനാലാം മൈൽ, നെല്ലിമൂട്ടിൽപ്പടി- കോട്ടമുകൾ റോഡ്, മണ്ണടി അവഞ്ഞിയിൽ ഏല,
പഴകുളം പടിഞ്ഞാറ് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിലാണ് കക്കൂസ് മാലിന്യം കഴിഞ്ഞ എട്ടുമാസമായി പതിവായി തള്ളുന്നത്. ഈ സ്ഥലങ്ങളിൽ മിക്കയിടത്തും അഞ്ചിലധികം തവണ മാലിന്യം തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. കക്കൂസ് മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടുന്നുവെന്ന് പോലീസും നടപടികൾ ശക്തമാക്കുമെന്ന് പഞ്ചായത്തുകളും പറയുമ്പോഴും അടൂരിലും പരിസരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതിന് ഒരുകുറവുമില്ല. നിലവിൽ പതിനാലാം മൈൽ, പഴകുളം ആലുംമൂട്, വടക്കടത്തുകാവ് എന്നിവിടങ്ങളിലെ കനാലിലും തോടുകളിലുമെല്ലാം കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.