പത്തനംതിട്ട : ദുഃഖവെള്ളിയാഴ്ച ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ക്രൈസ്തവ വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പ്രധാന മന്ത്രി കോന്നി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. ജില്ലാ സ്റ്റേഡിയത്തില്‍ വന്നിറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗ്ഗമാണ് പ്രമാടത്ത് എത്തുന്നത്. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് പത്തനംതിട്ടയില്‍ ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിക്കുന്ന ദിവസം ദേവാലയങ്ങളിലെ പ്രാര്‍ത്ഥന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദുഃഖവെള്ളിയാഴ്ച ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാല്‍ ദുഃഖവെള്ളിയാഴ്ച ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതിലൂടെ ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്.
വാഹന ഗതാഗതം തടസ്സപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നഷേധിക്കപ്പെടുകയാണ്. ആരാധനാക്രമത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തേണ്ടെന്നും രാവിലെ പത്തരയ്ക്കു ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുതെന്നും നിര്‍ദേശം നല്‍കിയതും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.