അടൂര്‍ : വേനല്‍ ശക്തമാകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. കടമ്പനാട് മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് മാറ്റി സ്ഥാപിച്ച് വെളളം സുലഭമാക്കണം. കെഐപി കനാല്‍ തുറന്നു വിടുമ്പോഴുളള അമിത ജലപ്രവാഹം ഒഴിവാക്കണം. പന്തളം ജംഗ്ഷനില്‍ ഗതാഗതകുരുക്കുണ്ടാക്കുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കണം. കെ.പി.റോഡില്‍ സ്വകാര്യ ബസുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ അല്ലാതെ നിര്‍ത്തുന്നത് മൂലം ഗതാഗത തടസം ഉണ്ടാകുന്നതിന് പരിഹാരം വേണം.
അടൂര്‍ യമുനാ ജംഗ്ഷന്‍ മുതല്‍ റവന്യു ടവറിനു മുന്നിലൂടെ കടന്നു പോകുന്ന വണ്‍വേയിലെ കൈയേറ്റം ഒഴിപ്പിക്കണം. പ്രളയകാലത്ത് നദികളില്‍ അടിഞ്ഞുകൂടിയിട്ടുളള മണ്ണ് വ്യാപകമായി കടത്തിക്കൊണ്ടു പോകുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണം. അടൂര്‍ റവന്യു ടവറിന്റെ ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണണം. യോഗത്തില്‍ ഹാജരാകാത്ത വകുപ്പ് തല ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടാനും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ പി.റ്റി. എബ്രഹാം, അടൂര്‍ തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ഏഴംകുളം അജു,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ആര്‍.ജയപ്രസാദ്, അടൂര്‍ ജയന്‍, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, സാബുഖാന്‍, വൈ.രാജന്‍, അടൂര്‍ ആനന്ദ്, അടൂര്‍ നൗഷാദ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.