അടൂര്‍ : പരാധീനതകള്‍ക്ക് നടുവില്‍ അടൂര്‍ കെ.എസ്.ആര്‍ ടി.സി ഡിപ്പോ. ആവശ്യത്തിന് ഡ്രൈവര്‍മാരില്ല, തകര്‍ന്ന യാര്‍ഡ്, കുടിവെള്ളവും വെളിച്ചവുമില്ല.
സ്‌റ്റാന്‍ഡിലെ യാര്‍ഡ് തകര്‍ന്നിട്ട് നാളേറെയായെങ്കിലും കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടിയില്ല. യാര്‍ഡ് പല നിരപ്പിലാണ് കോണ്‍ക്രീറ്റ് ചെയ്‌തിരിക്കുന്നത്. അതിനാല്‍ റോഡിന്റെ ഭാഗത്ത് നിന്നും എത്തുന്ന വെള്ളം ബസ് കാത്ത് നില്‌പ് കേന്ദ്രത്തിന്റെ മുന്നില്‍ വന്ന് കെട്ടി കിടക്കുകയാണ്. വെള്ളം ഒഴുകിപ്പോകാനാവശ്യമായ ഓട സമീപത്തുണ്ടെങ്കിലും അശാസ്‌ത്രീയമായ നിര്‍മാണം മൂലം വെള്ളക്കെട്ടൊഴിവാകുന്നില്ല.
പുതിയ സര്‍വീസുകള്‍ തുടങ്ങാനും കോവിഡിനെ തുടര്‍ന്ന് മുടങ്ങിപ്പോയവ പുനരാരംഭിക്കാനും ആവശ്യത്തിന് ബസുകളില്ല. 42 ഷെഡ്യൂളുകളിലായി 52 ബസുകളാണ് ഉള്ളത്. 96 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 84 പേര്‍ മാത്രമാണ് ഉള്ളത്. 12 പേരുടെ കുറവാണ് ഉള്ളത്. ഡ്രൈവര്‍മാരുടെ കുറവ് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും ഡ്രൈവര്‍മാരുടെ കുറവ് തടസമാകുന്നുണ്ട്. നിലവിലുള്ള ഡ്രൈവര്‍മാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സ്‌റ്റാന്‍ഡില്‍ ജലക്ഷാമം രൂക്ഷമായതോടെ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. മൂന്ന് കുഴല്‍ കിണറുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഇതിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലും നിന്നുമുള്ള വെള്ളമാണ് ലഭിക്കുന്നത്.