കോന്നി : മലയാലപ്പുഴ ബസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സ്‌ഥല പരിശോധന നടത്തി. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ഇതുവഴി സർവീസ് നടത്തുന്ന ബസുകൾ എല്ലാം റോഡിലാണ് പാർക്ക് ചെയ്യുന്നത്. ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇതിനെ തുടർന്നു മലയാലപ്പുഴ ക്ഷേത്രത്തിന് സമീപം പഞ്ചായത്ത് ലഭ്യമാക്കിയ 50 സെന്റ് സ്ഥലത്ത് എംഎൽഎ ഫണ്ടിൽനിന്നും ഒരുകോടി രൂപ അനുവദിച്ച് മലയാലപ്പുഴ ക്ഷേത്രം ബസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. മലയാലപ്പുഴ ബസ് സ്റ്റേഷനും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനുള്ള പ്രവർത്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്. പ്രവർത്തിയുടെ ആദ്യഘട്ടമായാണ് മലയാലപ്പുഴ ബസ് സ്റ്റേഷൻ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്നത്.
ആദ്യഘട്ട നിർമ്മാണത്തിൽ ബസ്റ്റാൻഡ് യാർഡ്, കാത്തിരിപ്പ് കേന്ദ്രം,
പോലീസ് എയിഡ് പോസ്റ്റ്, ശുചി മുറികൾ എന്നിവ നിർമ്മിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയോടൊപ്പം മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ.പി.നായർ, താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മലയാലപ്പുഴ ശശി, പഞ്ചായത്ത് അംഗങ്ങളായ ബിജു എസ് പുതുക്കുളം, ബിന്ദു ജോർജ്, സുമ രാജശേഖരൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എംജി മുരുകേഷ് കുമാർ അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ, മലയാലപ്പുഴ മോഹനൻ,
വി. മുരളീധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.