ന്യൂഡല്‍ഹി : ഡല്‍ഹി വംശഹത്യയിലെ ഇരകള്‍ക്കായി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകന്‍ മഹ്‌മൂദ് പ്രാചയുടെ വീട്ടില്‍ വീണ്ടും പോലീസ് പരിശോധന. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് മഹ്‌മൂദ് പ്രാചയുടെ വീട്ടില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നിരവധി പേരുടെ അഭിഭാഷകനാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസംബറിലും അദ്ദേഹത്തിന്റെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയിരുന്നു.
താനും തന്റെ സഹപ്രവര്‍ത്തകരും ഓഫീസില്‍ ഇല്ലാത്തപ്പോഴാണ് റെയ്ഡ് നടന്നതെന്ന് മഹ്‌മൂദ് പ്രാച പറഞ്ഞു. ” ഞങ്ങളുടെ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. ഞാന്‍ അവിടെ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. സ്പെഷ്യല്‍ സെല്ലിന്റെ തന്നെ, ഒരേ ആള്‍ അന്വേഷണ ഉദ്യോഗസ്ഥനായ കേസില്‍ ക്രോസ് വിസ്താരം നടത്തുകയായിരുന്നു ഞാന്‍.”- അദ്ദേഹം പറഞ്ഞു. “അതുകൊണ്ട് തന്നെ ഞാനവിടെ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ഞാന്‍ അവിടെ ഇല്ലാത്ത ഒരു ദിവസം തന്നെയാണ് അവര്‍ തെരഞ്ഞെടുത്തത്.”
നൂറോളം പോലീസുകാര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയതെന്ന് പ്രാചയുടെ ഓഫീസിലെ ജീവനക്കാരന്‍ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടരയോടെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.