തിരുവനന്തപുരം: തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി. വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച പരാതികളും ഇപ്പോൾ ലഭിക്കുന്നുണ്ട്. കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല, നൽകുന്ന പരാതികളിൽ അന്വേഷണം നടത്തുന്നില്ല തുടങ്ങിയ പരാതികളാണ് വനിതാ കമ്മീഷന് മുന്നിൽ എത്തുന്നത്. പരാതിക്കാർക്ക് ഇൻ്റേണൽ കമ്മിറ്റിയിൽ വിശ്വാസമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടരുതെന്നും ചെയർപേഴ്സൺ പറഞ്ഞു.
ബന്ധുക്കളായ അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ വർധിച്ചു വരുന്നു. പരിമിതമായ ഭൂമിയുടെ പേരിലാണ് പലതർക്കങ്ങളും. വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ കോടതി നടപടികളും കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. ഇത്തരം കേസുകളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ നടപടിയായി. ഭർത്താവിൻ്റെ അമിത മദ്യപാനം കാരണം വിവാഹമോചനത്തിലേക്ക് നീണ്ട കേസും പരിഗണനയ്ക്ക് വന്നു. കൗൺസലിംഗ് നൽകിയ ശേഷം ഡി – അഡിക്ഷൻ സെൻ്ററിലേക്ക് അയക്കും. ഭാര്യയുടെ സഹായത്തോടെ ചികിത്സ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.