റാന്നി: ജലവിഭവ വകുപ്പ് പൈപ്പ് തുറന്നുവിട്ട് തകർന്ന അത്തിക്കയം കൊച്ചു പാലത്തിൻറെ അപ്രോച്ച് റോഡ് അടിയന്തിരമായി പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎൽഎ വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ തകർന്ന ഭാഗം പുനരുദ്ധരിച്ചു നൽകാമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സി എൻജിനീയർ എംഎൽഎക്ക് ഉറപ്പു കൊടുത്തു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടന്നുവന്നിരുന്ന അത്തിക്കയം – കടുമീൻചിറ റോഡിൻറെ നിർമ്മാണ പ്രവർത്തികൾ കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് ഇടയ്ക്ക് വെച്ച് മുടങ്ങി. ഇതിനിടെ കാലപ്പഴക്കം ചെന്ന പാലത്തിൻറെ അപ്രോച്ച് റോഡുകൾ ഇടിഞ്ഞ് ഇതുവഴി ഗതാഗതം നടത്താൻ കഴിയാതായി.
പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കുന്നതിനുള്ള നടപടികളുമായി റീ ബിൽഡ് കേരള മുമ്പോട്ട് പോവുകയാണ്. ഇതിനിടയിൽ നാട്ടുകാർ പണം സ്വരൂപിച്ച് പാലത്തിന് ഇരുവശവും ഉള്ള അപ്രോച്ച് താത്കാലികമായി കല്ലുകെട്ടി ഉയർത്തി. കഴിഞ്ഞദിവസം ഉപരിതലം കോൺക്രീറ്റിങ്ങും ചെയ്തു. എന്നാൽ കോൺക്രീറ്റിംഗ് ചെയ്ത ദിവസം തന്നെ പാലത്തിലൂടെ പോകുന്ന പൈപ്പിലൂടെ വാട്ടർ അതോറിറ്റി വെള്ളം തുറന്നു വിട്ടതിനാൽ അപ്രോച്ച് റോഡിൻറെ ഒരു ഭാഗം ഇടിഞ്ഞുതാണു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായി ഇരിക്കുന്നത്.