റാന്നി: റാന്നി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കെട്ടിടത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിൽ (എസ് സി ഐ) നിന്നാണ് 10.10 കോടി രൂപ അനുവദിച്ചത്. 14927 ച.മീ കെട്ടിടമാണ് നിർമ്മിക്കുക. ഒരു കിടക്കയുടെ 16 മുറികളും മൂന്ന് കിടക്കകളുള്ള 8 മുറികളും 5 കിടക്കകളുടെ രണ്ട് മുറികളും ഭിന്നശേഷിക്കാർക്ക് രണ്ടു മുറികളും ആണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ മുറികളോടനുബന്ധിച്ചും ശുചിമുറികൾ ഉണ്ടായിരിക്കും. രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക.
അടുക്കള, ഡൈനിങ് ഏരിയ. ലോൺട്രി, റിക്രിയേഷൻ, സിക്ക് റൂം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക. സംസ്ഥാന ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന വനിതകൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യങ്ങളോ ഒന്നും ഇപ്പോൾ ഇല്ല. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒറ്റയ്ക്ക് ജോലിക്കായും മറ്റും എത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസസ്ഥലം റാന്നിയില്‍ ഒരുക്കാനാകുമെന്ന നേട്ടവുമുണ്ട്.