റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതോടെ ശബരിമല ഭക്തർക്ക് മാത്രമല്ല റാന്നിയുടെ ഗ്രാമീണ മേഖലകളുടെ വികസനത്തിനും ഏറെ വഴിതെളിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 2 റോഡുകളുടെ വികസനത്തിനായി 9.5 കോടി രൂപയാണ് അനുവദിച്ചത്. തുലാപ്പള്ളി -പമ്പാവാലി – മൂക്കൻ പെട്ടി റോഡ് 6 കോടി, തെള്ളിയൂർ – വെണ്ണിക്കുളം റോഡ് 3.5 കോടി എന്നിവയ്ക്കാണ് ശബരിമല സ്പെഷ്യൽ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കാൻ ഭരണാനുമതിയായത്. 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് പുനരുദ്ധരിക്കുക. ആവശ്യമുള്ള സ്ഥലങ്ങളിൽ ഓടകൾ, ഐറിസ് ഡ്രയിൻ, ക്രാഷ് ബാരിയർ , അപകടസൂചന ബോർഡുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
4 കിലോമീറ്റർ ദൂരം വരുന്ന പ്ലാപ്പള്ളി – തുലാപ്പള്ളി റോഡ്, 2 കിലോമീറ്റർ ദൂരം വരുന്ന മൂക്കം പെട്ടി – പമ്പാവാലി റോഡ് എന്നിവയാണ് തുലാപ്പള്ളി -മുക്കം പെട്ടി റോഡിൽ ഉൾപ്പെട്ടിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് ഈറോഡ് ഉപകാരപ്പെടുന്നതാണ്. മൂക്കൻപെട്ടി വഴി മുണ്ടക്കയത്ത് എത്തി കുമളിയിലേക്കും കട്ടപ്പനയിലേക്കും പോകാൻ കഴിയും. ശബരിമല പ്രധാന പാതയിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരവും ആവും. ലോകപ്രശസ്തമായ തെളിയൂർ വാണിഭം നടക്കുന്ന ഭാഗത്തുകൂടെ പോകുന്ന റോഡാണ് തെള്ളിയൂർ-വെണ്ണിക്കുളം റോഡ്.