പത്തനംതിട്ട : ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഒരു ഭരണ കൂടത്തിനും മാറ്റിമറിക്കാനാകില്ലെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി. അസഫലി പറഞ്ഞു. എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട ഉദാത്തവും മഹത്തരവുമായ ഒരു ഭരണഘടനയാണ് ഇന്ത്യ രാജ്യത്തിനുള്ളതെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഭരണം നടത്തുന്നവര്‍ ഈ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്നത് ഭരണഘടന നേരിടുന്ന വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വം ജനാധിപത്യം വ്യക്തി സ്വാതന്ത്ര്യം എന്നിവ നിലനിര്‍ത്തുവാന്‍ എല്ലാ സര്‍ക്കാരുകളും പ്രതിജ്ഞാബന്ധമായിരിക്കണം. അവസര സമത്വവും ജീവിക്കുവാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് അഡ്വ. ടി. അസഫലി പറഞ്ഞു. ഭരണഘടന ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത് ഭരണഘടനയെപ്പോലും അട്ടിമറിക്കുവാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വെല്ലുവിളികളേയും അതിജീവിക്കുവാന്‍ തക്ക കരുത്ത് ഇന്ത്യന്‍ ഭരണഘടനക്കുണ്ടെന്നും അതില്‍ വെള്ളം ചേര്‍ക്കുവാനുള്ള ഏത് ശ്രമവും ജനാധിപത്യ ഇന്ത്യ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. വി.സി സാബു പ്രബന്ധം അവതരിപ്പിച്ചു.