റാന്നി: ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖമുദ്രയായി അഴിമതിയും സ്വജനപക്ഷപാതവും മാറിയിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ പ്രസ്താവിച്ചു. അഴിമതി വിരുദ്ധ ജനകീയ സദസ്സ് യുഡിഎഫ് റാന്നി നിയയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റാന്നി ഇട്ടിപ്പാറയില്‍ നടന്ന സമ്മേള്ളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജീവ് താമരപ്പള്ളി അധ്യക്ഷത വഹിച്ചു. ഇടത് ഭരണത്തില്‍ കേരളത്തില്‍ സാര്‍വ്വത്രിക അഴിമതിയാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന പദ്ധതികളിലെല്ലാം അഴിമതി മുഖമുദ്രയാണ്. കെ ഫോണിലും എ.ഐ ക്യാമറയിലും പുറത്ത് വന്ന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മൗനം അഴിമതി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് വര്‍ഗ്ഗീസ് മാമ്മന്‍ പറഞ്ഞു.
സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം നികുതി വര്‍ദ്ധനവിലൂടെയും നിരക്ക് വര്‍ദ്ധനവിലൂടെയും ജനങ്ങളെ വീര്‍പ്പുമുട്ടിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗം ആകെ താറുമാറായിരിക്കുകയാണ്. ഭരണത്തിന് കീഴില്‍ എസ്എഫ്‌ഐയുടെ നേതാക്കന്‍മാര്‍ വ്യാജ ഡിഗ്രി നേടുകയും പരീക്ഷ എഴുതാതെ പാസ്സാകുകയും ചെയ്യുന്നത് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനേയും പോലുള്ളവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പിണറായി സര്‍ക്കാര്‍ കിരാത ഭരണമാണ് കേരളത്തില്‍ നടത്തുന്നത്. പിണറായി സര്‍ക്കാരിനെതിരെ അതി ശക്തമായ ജനവികാരം കേരളത്തില്‍ ആളിക്കത്തും. അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. പിണറായി സര്‍ക്കാരിന് കേരളത്തിലെ ജനങ്ങളുടെ ധാര്‍മിക പിന്‍തുണ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ പറഞ്ഞു.