റാന്നി: വലിയ പതാൽ പ്രദേശത്തെ ഡിജിറ്റൽ റീസർവ്വേ നടപടികൾ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേത്തയ്ക്കൽ വില്ലേജിൽ സർവ്വേ നമ്പർ 781, 799 എന്നിവിടങ്ങളിലായി കിടക്കുന്ന 220 കൈവശ കർഷകർക്ക് പട്ടയം നൽകുന്നതിന് മുന്നോടിയാണ് സർവ്വേ നടപടികൾ ആരംഭിച്ചത്. ഇത് സംബന്ധിച്ച് എംഎൽഎ നാല് തവണയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത് – തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ പല തവണ യോഗം ചേർന്നാണ് പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ് സർവീസ് മെൻ കോളനി, വലിയ പതാൽ എന്നിവിടങ്ങളിലെ പട്ടയ നടപടികൾ ദ്രുതഗതിയിൽ ആക്കുന്നതിനായി ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്.
റവന്യൂ വകുപ്പ് ജോയിന്റ് കമ്മീഷണർ ഗീത ഐ എ എസിൻ്റെ ചുമതലയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പട്ടയ വിതരണ നടപടികൾ വേഗത്തിൽ ആക്കിയിരിക്കുന്നത്. 1968 ൽ പട്ടികവർഗ്ഗ വിഭാഗക്കാരായ ഹിന്ദു മലവേട വിഭാഗത്തിൽപ്പെട്ട 38 പേർക്ക് രണ്ട് ഏക്കർ വീതം 76 ഏക്കർ അനുവദിച്ച പ്രദേശമാണ് വലിയ പതാൽ കോളനി. പട്ടികവർഗ്ഗ വിഭാഗക്കാരും ഇതര വിഭാഗക്കാരുമാണ് ഇപ്പോൾ ഇവിടുത്തെ താമസക്കാർ. സർവ്വേ വകുപ്പ് ഹെഡ് സർവ്വേയർ അബ്ദുൽ നഹ യുടെ നേതൃ ത്വത്തിൽ സർവ്വേ ടീമാണ് സർവ്വേ നടത്തുന്നത്. താലൂക്ക് സർവേയർ മനോജ്മോൻ, വില്ലേജ് ഓഫീസർ പി ആർ രാജേഷ് എന്നിവർ ഒപ്പമുണ്ട്.