പത്തനംതിട്ട : പത്തനംതിട്ട നഗരസഭ പഴയ സ്വകാര്യ ബസ്റ്റാഡിൽ സ്ഥാപിച്ചിട്ടുള്ള ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് നോക്കുകുത്തിയാകുന്നു. ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളതാണ് ഈ യൂണിറ്റ്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ജൈവ വളമായി മറ്റിയെടുത്ത് ഉപഭോക്താക്കൾക്ക് നല്കി അതില്‍നിന്നും ചെറിയ വരുമാനം നഗരസഭയ്ക്ക് കണ്ടെത്താനുള്ള ഉദ്ദേശ്യവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ഭീമമായ തുക പിഴ ഈടാക്കുകയാണ്.
ഇവിടെ ജൈവ മാലിന്യം നിക്ഷേപിക്കുവാന്‍ പാടില്ലെന്ന ഒരു മുന്നറിയിപ്പും നഗരസഭ നല്‍കിയിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. നഗരസഭയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്യുന്ന നാട്ടുകാർക്കും പിഴ അടക്കാനുള്ള അറിയിപ്പ് നല്‍കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഈ യൂണിറ്റ് ഇവിടെ നിന്ന് മാറ്റുകയോ അല്ലെങ്കിൽ പഴയതു പോലെ വീടുകളിലെ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.