ന്യൂഡല്‍ഹി : കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിന് അഫിലിയേഷന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. കോളേജുകളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുതാര്യത കാണിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കോളേജിന് അഫിലിയേഷന്‍ നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ ഹര്‍ജി ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി.
ബി. കോം എല്‍ എല്‍ ബി കോഴ്‌സിന് അഫിലിയേഷന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കോളേജ് നല്‍കിയ അപേക്ഷ സര്‍വകലാശാല തള്ളിയിരുന്നു. കോഴ്‌സ് ആരംഭിക്കാന്‍ കോളേജ് നിര്‍ദേശിച്ച കെട്ടിടം താത്കാലികമാണെന്നും കുട്ടികളുടെ കായിക സാംസ്‌കാരിക പരിപാടികള്‍ക്ക് വേണ്ടത്ര സ്ഥലം നീക്കി വെച്ചിട്ടില്ലെന്നും ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകം ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വ്വകലാശാല അഫിലിയേഷന്‍ നിഷേധിച്ചത്. എന്നാല്‍ 4400 പുസ്തകങ്ങള്‍ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ഒരു കോളേജിന് അഫിലിയേഷന്‍ നിഷേധിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഫിലിയേഷനുമായി ബന്ധപ്പെട്ട വസ്തുതാവിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ സര്‍വകലാശാല കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു