സാധാരണ കാറുകൾക്കും എസ്‌യുവികൾക്കുമിടയിൽ വരുന്ന 4 മീറ്റർ സബ് സെഗ്‌മെന്റിലെ പുതിയ ഇനം ക്രോസ്ഓവർ വാഹനങ്ങൾ ഇന്ന് ധാരാളമായി വിപണിയിലെത്തുന്നുണ്ട്. എസ്‌യുവിയുടെ ചില സവിശേഷതകളുമായി വരുന്ന ഈ വാഹനങ്ങൾ വില കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായിരിക്കും. ഇത്തരം വാങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഈ വാഹനങ്ങളിൽമിക്കതും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നുണ്ട്. മാനുവൽ ഗിയറുള്ള വാഹനങ്ങൾ ഓടിച്ച് മടുത്ത ആളുകൾക്ക് വാങ്ങാവുന്ന ഓട്ടോമാറ്റിക് മികച്ച എസ്‌യുവികളും ക്രോസ്ഓവറുകളും പരിചയപ്പെടാം.
നിസാൻ മാഗ്നൈറ്റ്
ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള നിസാൻ മാഗ്നൈറ്റിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭ്യമാണ്. അടുത്തിടെ നിസാൻ ഈ വാഹനത്തിന്റെ എൻഎ പെട്രോൾ എഞ്ചിനൊപ്പം എഎംടി ഓപ്ഷനും അവതരിപ്പിച്ചു. ഈ എഎംടി സെറ്റപ്പിലുള്ള മാഗ്‌നൈറ്റിന്റെ വില ആരംഭിക്കുന്നത് 6.5 ലക്ഷം രൂപ മുതലാണ്. ബേസ് എക്സ്ഇ വേരിയന്റിന്റെ വില ആരംഭിക്കുന്നത്. 71 ബിഎച്ച്പി പവറും 90 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ 3 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്.
മാരുതി സുസുക്കി ഇഗ്‌നിസ്
ഈ പട്ടികയിലെ മറ്റ് എസ്‌യുവി / ക്രോസ്ഓവറുകളോട് മത്സരിക്കുന്നില്ലെങ്കിലും ഇന്ത്യയിലെ മികച്ചൊരു ഓട്ടോമാറ്റിക് കാറാണ് മാരുതി സുസുക്കി ഇഗ്‌നിസ്. 82 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിന്റെ കരുത്തിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. ഇതിനൊപ്പം 5 സ്പീഡ് എഎംടി ഗിയർബോക്സ് യൂണിറ്റും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. ഡെൽറ്റ ട്രിം മുതലാണ് ഈ എഎംടി ഓപ്ഷൻ ലഭിക്കുന്നത്. ഇതിന് 6.93 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.
ടാറ്റ പഞ്ച്
ടാറ്റ പഞ്ച് ഇതിനകം തന്നെ വിപണിയിൽ വിജയം നേടിയ മോഡലാണ്. ഈ ലിസ്റ്റിലെ ഏറ്റവും സുരക്ഷിതമായ വാഹനം കൂടിയാണ് പഞ്ച്. മാഗ്നൈറ്റ്, ഇഗ്നിസ് എന്നിവ പോലെ ടാറ്റ പഞ്ചിലും 5 സ്പീഡ് എഎംടി ട്രാൻസ്മിഷനാണ് കമ്പനി നൽകുന്നത്. 87 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിനുമായിട്ടാണ് വാഹനം വരുന്നത്. പഞ്ചിന്റെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് വേരിയന്റ് അഡ്വഞ്ചർ എഎംടി വേരിയന്റിന് 7.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ഹ്യുണ്ടായ് എക്‌സ്‌റ്റർ
ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് വേരിയന്റ് എസ് എഎംടിയാണ്. ഈ വേരിയന്റിന് 8.1 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ ഈ വാഹനത്തിൽ ഇത് ഷിഫ്റ്റ് ചെയ്യാൻ 5 കോഗുകളുള്ള ഒരു എഎംടി ഗിയർബോക്സാണ് കമ്പനി നൽകുന്നത്. വാഹനത്തിലുള്ള എഞ്ചിൻ 82 ബിഎച്ച്പി പവറും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റർ 4 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിലുള്ളത്.
റെനോ ട്രൈബർ
3 വരി സീറ്റിങ്ങും ഓട്ടോമാറ്റിക് ഗിയർബോക്‌സും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വാഹനമാണ് റെനോ ട്രൈബർ. ഏറ്റവും വില കുറഞ്ഞ റെനോ ട്രൈബർ ഓട്ടോമാറ്റിക് വേരിയന്റ് ആർഎക്സ്ടി എഎംടി ആണ്. ഇത് ടോപ്പ്-സ്പെക്ക് വേരിയന്റിന് താഴെയുള്ളതാണ്. 8.13 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ് ഷോറൂം വില. നിസാൻ മാഗ്നൈറ്റ് എഎംടിയുടെ അതേ പവർട്രെയിനാണ് ഈ വാഹനത്തിലുള്ളത്. 5 സ്പീഡ് എഎംടിക്കൊപ്പം 71 ബിഎച്ച്പി പവറും 90 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ 3 സൈൽ എൻഎ പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്.