ആലപ്പുഴ: താൻ പോലും മറന്നുപോയ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന് 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ അമ്പരപ്പിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദുള്ളത്. സൗദിയിൽ വിനോദിന്റെ തൊഴിലുടമയായിരുന്ന മുഹമ്മദ് റമദാൻ ആണ് തന്റെ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്തത്. 2004 ലാണ് വിനോദ് ഡ്രൈവർ വിസയിൽ റമദാന്റെ കീഴിൽ ജോലിക്കെത്തിയത്. അഞ്ച് തൊഴിലാളികളാണ് മൊത്തം ഉണ്ടായിരുന്നത്.
ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും 2006 ആയതോടെ ശമ്പളം ഇടക്കിടക്ക് മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബർ കോടതിയിൽ കേസിന് പോയി. കോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചെങ്കിലും അവർക്ക് നൽകാൻ തന്‍റെ കൈയ്യിൽ പണമില്ലെന്നായിരുന്നു മുഹമ്മദ് റമദാന്റെ നിലപാട്. ഇതോടെ മറ്റ് നാലുപേരും നാട്ടിലേക്ക് മടങ്ങി. എന്നാൽ വിനോദ് തന്റെ കേസുമായി മുന്നോട്ട് പോയി. ഇതിനൊപ്പം തന്നെ അയൽവാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന് ശ്രമിക്കുകയും ചെയ്തു.
തന്റെ കൈയ്യിൽ പണമില്ലാത്തത് കൊണ്ടാണ് തരാൻ കഴിയാത്തതെന്നും ദയവായി അത് മനസ്സിലാക്കണമെന്നും റമദാൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ചെറിയ വാഹനം ഓടിക്കാനുള്ള ലൈസൻസ് മാത്രമുള്ള വിനോദ് ട്രെയിലർ ഓടിച്ചതിനുള്ള കുറ്റത്തിന് പലപ്പോഴും ട്രാഫിക് വിഭാഗത്തിൽ നിന്ന് പിഴയും വന്നിരുന്നു. താൻ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്ദാനവും തൊഴിലുടമ പാലിച്ചില്ല. ഇതിനിടെയിലാണ് മുഹമ്മദ് റമദാന് സർക്കാർ സഹായത്തോടെ ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ചത്. ഇതിനായി കേസ് ഒഴിവാക്കിത്തരണമെന്ന് ഇയാൾ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യർഥിച്ചിരുന്നു.