തിരുവനന്തപുരം: 18-വർഷങ്ങൾക്ക് മുൻപ് യുവതിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് 40 വർഷം തടവും 2.35 ലക്ഷം രൂപ പിഴയും ശിക്ഷ (Gang rape case kerala). വെട്ടൂർ നെടുങ്ങണ്ട ഒന്നാം പാലം തോണ്ടയിൽ വീട്ടിൽ ഷാജഹാൻ(45), കടപ്പുറം കൂട്ടിൽ വീട്ടിൽ പൊടി എന്നു വിളിക്കുന്ന നൗഷാദ്(46), വക്കം നെടുങ്ങണ്ട ഊരാംതാഴെ വീട്ടിൽ ജ്യോതി(50), കീഴാറ്റിങ്ങൽ പെരുംകുളം ലക്ഷം വീട്ടിൽ റഹീം(51) എന്നിവരെയാണ് ശിക്ഷിച്ചത്.കേസിലെ മൂന്നാം പ്രതി ഉണ്ണി നേരത്തെ മരണപ്പെട്ടിരുന്നു. അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നിൽ വീട്ടിൽ ഷിജു(42)വിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു. അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയെ ബലാത്‌സംഗം ചെയ്ത കേസിലാണ് വർക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.ആർ.സിനി പ്രതികളെ ശിക്ഷിച്ചത് . വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കു തടവും പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.പിഴത്തുകയിൽനിന്ന് രണ്ടു ലക്ഷം രൂപ അതിജീവിതയ്ക്കു നൽകാനും വിധിയിലുണ്ട്. കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശവും നൽകി.
2006 സെപ്റ്റംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9.15-ഓടെ യുവതിയുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയെ ബലംപ്രയോഗിച്ച് കടപ്പുറത്തേക്കു കൊണ്ടുപോകുകയും. തുടർന്ന് വാൾകാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇടയാക്കുകയുമായിരുന്നു എന്നാണ് കേസ്. 2010-ലാണ് പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്.കടയ്ക്കാവൂർ സി.ഐ.മാരായ കെ.ജയകുമാർ, പി.വേലായുധൻ നായർ, ബി.കെ.പ്രശാന്തൻ, ആർ.അശോക് കുമാർ, അഞ്ചുതെങ്ങ് എസ്.ഐ. എൻ.ജിജി എന്നിവരാണ് കേസ് അന്വേഷിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ഹേമചന്ദ്രൻനായർ, ജി.എസ്.ശാലിനി, എസ്.ഷിബു, എ.ഇക്ബാൽ എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.