റാന്നി : ഒരു ഇടവേളയ്ക്കു ശേഷം തിരുവാഭരണ പാതയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം രൂക്ഷമാവുന്നു. പാതയില്‍ ഒരു വര്‍ഷം മുമ്പും മാലിന്യം തള്ളിയിരുന്നു. അന്ന് മാലിന്യം തള്ളാനെത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ ഇവിടെ മാലിന്യം തള്ളിയ വാഹനവും മൂന്നു പേരേയും പോലീസ് പിടികൂടിയിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് ഇവിടെ വീണ്ടും മാലിന്യം തള്ളിയത്. സംഭവത്തില്‍ റാന്നി പഞ്ചായത്ത് അധികൃതര്‍ പോലീസിൽ പരാതി നൽകി. റാന്നി ഗ്രാമ പഞ്ചായത്തിലെ വൈക്കം കുത്തുകല്ലുങ്കൽപടി മന്ദിരം തിരുവാഭരണ പാതയിലാണ് വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്.
ഒരു വര്‍ഷം മുമ്പ് രാത്രി രണ്ടരയോടെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇന്നലെ മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി തിരിച്ചറിഞ്ഞിട്ടില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. മാലിന്യം തള്ളിയത് പുതുച്ചിറയില്‍ പി.ടി എബ്രഹാമിന്‍റെ വസ്തുവിനോടു ചേര്‍ന്ന കുട്ടിവനത്തിലാണ്. നിരവധി വീടുകളും സമീപത്തെ തോടിനോടും ചേര്‍ന്നാണ് മാലിന്യം തള്ളിയത്. ഇവിടെ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തി പമ്പാനദിയില്‍ വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസിന്‍റെ കിണറിനു അരകിലോമീറ്റർ മുകളിലാണ് ചേരുന്നത്. ഈ പാതയിൽ കഴിഞ്ഞ രണ്ടു വർഷമായി മാലിന്യം തള്ളല്‍ സ്ഥിരം സംഭവമാണ്. സംഭവത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകി.