ആലപ്പുഴ : ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികൾ രൂക്ഷമായി തുടരുകയാണ്. ചമ്പക്കുളം ബസ് സ്റ്റാന്റ് നിലവിൽ വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ്. പമ്പാ നദി കരകവിഞ്ഞതിനാലാണ് ചമ്പക്കുളം ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങിയത്. കൂടാതെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ യാത്രയും തടസപ്പെടുന്നുണ്ട്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കാർഷിക മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. മിക്ക പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഒപ്പം തന്നെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലേക്കെത്തുന്ന പമ്പ, മണിമല, അച്ചൻകോവിലാറുകളിലും കൈവഴികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
കുട്ടനാട് താലൂക്ക് ഓഫീസ് പരിസരത്തും മങ്കൊമ്പിൽ താഴ്ന്നയിടത്തെ വീടുകളിലും വെള്ളം കയറിയ സ്ഥിതിയാണ്. മങ്കൊമ്പ്- വികാസ് മാർഗ് റോഡ്, പള്ളിക്കൂട്ടുമ്മ- പുളിങ്കുന്ന് റോഡ്, കണ്ടങ്കരി റോഡ്, ചമ്പക്കുളം- എടത്വ റോഡ് തുടങ്ങിയവയുടെ പല ഭാഗങ്ങളും വെളളത്തിൽ മുങ്ങി. എടത്വ, തലവടി തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് പ്രായമായവരെ അടക്കം നിരവധി പേരെ അഗ്നി രക്ഷാസേന ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.