പത്തനംതിട്ട : 14ന് ശേഷം നാട്ടില്‍പ്പോകാന്‍ ട്രെയിന്‍ ബുക്ക് ചെയ്ത ഇതര സംസ്ഥാന തൊഴിലാളികള്‍ ബന്ധപ്പെടണമെന്ന് മൈക്കിലൂടെ ഹിന്ദിയില്‍ വിളിച്ചുപറഞ്ഞ പോലീസുകാര്‍ക്ക് പണി കിട്ടി. പോലീസിന്റെ വാക്ക് കേട്ട് ഇന്ന് തന്നെ നാട്ടില്‍പ്പോകാമെന്ന് തെറ്റിദ്ധരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ബാഗുമായി ചാടിയിറങ്ങി. പത്തനംതിട്ടയിലാണ് സംഭവം.
ഇതര സംസ്ഥാനത്തൊഴിലാളികളെ ആശ്വസിപ്പിക്കാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൈക്ക് അനൗണ്‍സുമെന്റുമായി ഇറങ്ങിയതായിരുന്നു പോലീസ്. അറിയാവുന്ന ഹിന്ദിയുമായി ഓഫീസര്‍മാരുള്‍പ്പെടെ തൊഴിലാളിക്യാമ്പുകളില്‍ കയറിയിറങ്ങി സ്ഥിതി നിയന്ത്രിച്ചു.
അതിനിടെ ഏപ്രില്‍14-ന് ശേഷം തീവണ്ടി ഉണ്ടെങ്കില്‍ നേരത്തെ ബുക്ക്‌ചെയ്ത ഇതര സംസ്ഥാനക്കാര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇത് കേട്ട നാട്ടിലേക്കുള്ള യാത്രയ്ക്ക് കാത്തിരുന്ന പത്തനംതിട്ട കണ്ണങ്കര ക്യാമ്പിലെ തൊഴിലാളികള്‍ ബാഗുമെടുത്ത് ചാടിയിറങ്ങി. നേരെ അക്ഷയ സെന്ററിലേക്ക് വെച്ചുപിടിച്ചു. പോലീസിന്റെ അനൗണ്‍സ്‌മെന്റ് കേട്ട് നാട്ടിലേക്ക് പോകേണ്ടവര്‍ ഇവിടെ എത്തണമെന്ന് പറഞ്ഞതായാണ് ഇവര്‍ ധരിച്ചത്. റോഡില്‍ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി കാര്യം ചോദിച്ചറിഞ്ഞു.
കേട്ടത് തെറ്റിയതാണെന്ന് പറഞ്ഞ് മനസ്സിലാക്കി എല്ലാവരെയും ക്യാമ്പിലേക്ക് തന്നെ മടക്കി അയച്ചു. പിന്നീട് ബോധവത്കരണവും നടത്തി. അതേസമയം വിളിച്ചു പറയലുകാരന്‍ തനിക്ക് തെറ്റിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടിയും വന്നു.