ചെന്നൈ : ജയലളിതയുടെ മരണത്തില്‍ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ജയലളിതയുടേത് എന്ന് കരുതുന്ന ശബ്ദരേഖ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അവസാനകാലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റെക്കോഡ് ചെയ്തത് എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. കടുത്ത ശാരീരിര അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി കേൾക്കുന്ന ശബ്ദശകലമാണ് പ്രചരിക്കുന്നത്.
ജയലളിതയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കണ്ടെത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ശബ്ദ രേഖ പ്രചരിക്കുന്നത്. അവരുടെ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ വെച്ച് റെക്കോഡ് ചെയ്തത് എന്ന പേരിലുളള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. തുടർച്ചയായി ചുമയ്ക്കുന്നതും അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. എന്നാൽ ഇതിന്‍റെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, മുൻ ആരോഗ്യമന്ത്രി സി.വിജയഭാസ്കർ, മുൻ ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ എന്നിവർക്ക് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിൽ പങ്കുണ്ടെന്നും ഇവർ വിചാരണ നേരിടണമെന്നുമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഇ.പളനിസ്വാമിയും പുറത്താക്കപ്പെട്ട നേതാവും ജയലളിതയുടെ ഉറ്റ അനുയായിയുമായിരുന്ന ഒ.പനീർശെൽവവും റിപ്പോർട്ട് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വി.കെ.ശശികല മാത്രമാണ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് ആറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ടിൻമേൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും വിശദമായ നിയമോപദേശം കിട്ടിയതിന് ശേഷം അവധാനതയോടെ തീരുമാനം എടുത്താൽ മതിയെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സർക്കാർ.